ന്യൂഡല്‍ഹി: നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
വിഐപി വാഹനങ്ങളിലെ സൈറണുകള്‍ കൂടി അവസാനിപ്പിക്കാന്‍ താന്‍ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നല്‍കണമെന്നും ഗഡ്കരി പറഞ്ഞു.
സൈറണ്‍ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴല്‍), തബല, ശംഖ് തുടങ്ങിവയുടെ ശബ്ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാന്‍ ഉണ്ടാക്കുന്നത്. ആളുകള്‍ ശബ്ദ മലിനീകരണത്തില്‍ നിന്ന് മോചിതരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നെന്നും ഗഡ്കരി പറഞ്ഞു.
പൂനെയിലെ ചാന്ദ്നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാല്‍ വിഐപി വാഹനങ്ങളിലെ സൈറണുകള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നല്‍കണമെന്നും ഗഡ്കരി പറഞ്ഞു.