കസ്റ്റമര്‍ കെയര്‍ ഏജന്റ് ചമഞ്ഞ് തട്ടിപ്പ്; 64കാരിയ്ക്ക് നഷ്ടപ്പെട്ടത് 25000 രൂപ, പരാതി

ബംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശില്‍പ സര്‍ണോബത്ത് ആണ് തട്ടിപ്പിനിരയായത്.

ബംഗളൂരു: ബംഗളൂരു സ്വദേശിനിയായ ഒരു യുവതിയില്‍ നിന്നും ഫുഡ് ഡെലിവറി കസ്റ്റമര്‍ കെയര്‍ ഏജന്റ് ആണെന്ന വ്യാജേന ഒരാള്‍ തട്ടിയെടുത്തത് 25000 രൂപ. ബംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശില്‍പ സര്‍ണോബത്ത് ആണ് തട്ടിപ്പിനിരയായത്.

ആഗസ്റ്റ് 6 -നാണ് യുവതി ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുവതി ഓര്‍ഡര്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അവര്‍ക്കെതിരെ ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ ചുമത്തി.

ഇതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് ആഗസ്ത് എട്ടിന് രാവിലെ ശില്‍പയ്ക്ക് ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനാണെന്ന് മറുവശത്തുള്ള ആള്‍ സ്വയം പരിചയപ്പെടുത്തി. ഫുഡ് ഓര്‍ഡര്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ക്യാന്‍സലേഷന്‍ ചാര്‍ജ് തിരികെ വാങ്ങിത്തരാമെന്ന് അയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇതിനായി ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും താന്‍ പറയുന്നത് അനുസരിച്ച് വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നല്‍കിയ വിവരങ്ങളില്‍ ശില്പയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു.

അപരിചിതന്റെ ഫോണ്‍ സംഭാഷണം അവസാനിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ ശില്പയ്ക്ക് തന്റെ അക്കൗണ്ടില്‍ നിന്നും ഇരുപത്തയ്യായിരം രൂപ ആരോ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു. അപ്പോഴാണ് അവര്‍ക്ക് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.

Exit mobile version