ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ചെന്നൈയിലാണ് ദാരുണ സംഭവം. ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ അച്ഛന്‍ സെല്‍വ ശേഖറും ജീവനൊടുക്കി.
തമിഴ്‌നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ ഹൃദയം കരിങ്കല്ല് പോലെയെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. എത്ര ജീവന്‍ നഷ്ടമായാലും ഹൃദയം ഉരുകില്ല.
ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.
നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍. കുളം കലക്കി മീന്‍ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജന്‍ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ബില്‍ തയ്യാറാക്കിയതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ കേന്ദ്ര നിയമത്തില്‍ വരുത്തുന്ന ഭേദഗതിയായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എന്‍ഡിഎ സഖ്യകക്ഷികൂടിയായ മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ബില്‍ രാഷ്ട്രപതി തള്ളിയിരുന്നു.
Discussion about this post