ഗർഭിണിയായ യുവതി രാജ്ഭവന് മുന്നിലെ റോഡിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു; യുപി സർക്കാരിന് എതിരെ പ്രതിഷേധം

ലക്നൗ: ഗർഭിണിയായ യുവതി ഉത്തർപ്രദേശിലെ രാജ്ഭവനു മുന്നിലെ റോഡിൽ പ്രസവിച്ചു. മാസം തികയുന്നതിനു മുൻപേയുള്ള പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാരിന് എതിരെ ജനരോഷം ഉയരുകയാണ്.

ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് രാജ് ഭവനിനടുത്തുള്ള റോഡിൽവെച്ച് ഇരുപത്തെട്ടുകാരിയായ യുവതി പ്രസവിച്ചത്. പിന്നാലെ യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഹസ്രത്ഗനി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം. നാലരമാസംമാത്രം ഗർഭിണിയായ യുവതിയാണ് റോഡരികിൽ പ്രസവിച്ചത്. യുവതിക്ക് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലെത്തി വിശദമായ പരിശോധനയ്ക്കും ഇൻജക്ഷനും ശേഷം വിദഗ്ധ ചികിത്സയ്ക്കായി വനിതാ ആശുപത്രിയിലേക്ക് പോകാനും നിർദേശിച്ചു.

പിന്നീട് വേദന കുറഞ്ഞതോടെ ഇവർ താമസസ്ഥലത്തേക്കുതന്നെ മടങ്ങി. ഈ സമയത്ത് രാജ്ഭവന് മുൻപിലെത്തിയപ്പോൾ രക്തസ്രാവമുണ്ടാവുകയായിരുന്നു. പിന്നാലെ ആളുകൾ തടിച്ചുകൂടുകയും സഹായത്തിനായി സ്ത്രീകൾ മുന്നോട്ട് വരികയുമായിരുന്നു. ഇതോടെ തുണികൊണ്ട് മറച്ച് തെരുവിൽ യുവതി പ്രസവിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.

ALSO READ- ‘നടപടിയെ നേരിടാൻ തയ്യാറായിക്കോളൂ; നിർമ്മാതാക്കൾക്ക് നാണമില്ലേ’; കാമുകനെ തേടിയെത്തിയ സീമ ഹൈദറിന് മുന്നറിയിപ്പുമായി എംഎൻഎസ്

സംഭവത്തിൽ സർക്കാരിനെതിരേ വിമർശനമുയർത്തി പ്രതിപക്ഷം രംഗത്തെത്തി. കൃത്യസമയത്ത് ചികിത്സയും ആംബുലൻസ് സേവനവും ലഭിക്കാത്തതുകൊണ്ടാണ് യുവതിക്ക് ദാരുണ സംഭവമുണ്ടായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ബിജെപിക്ക് രാഷ്ട്രീയത്തിന് വേണ്ടത് ബുൾഡോസറാണ്, ആംബുലൻസല്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സംസ്ഥാന ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശിച്ചു. കുഞ്ഞിന്റെ മൃതദേഹം അടക്കംചെയ്ത സ്ഥലവും യുവതിയെ ചികിത്സിക്കുന്ന ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി.

കൃത്യസമയത്ത് ആംബുലൻസ് എത്താത്തതു സംബന്ധിച്ച് അന്വേഷണം നടത്താൻ അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version