റായ്പൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനു പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ച് യുവാവ്. ജീവന് ദുബൈ എന്ന ഇരുപത്തിനാലുകാരനാണ് അക്രമത്തിന് പിന്നില്‍.
പൂര്‍വി എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. സ്വകാര്യ സെക്യൂരിട്ടി ഏജന്‍സിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് പൂര്‍വി. ട്രാന്‍സ്പോര്‍ട്ട് നഗറിലുള്ള യുവതിയുടെ ഓഫീസിനു സമീപത്തുവച്ചാണ് അക്രമം ഉണ്ടായത്.
ജീവന് ദുബൈ പൂര്‍വിയെ വിവാഹാഭ്യര്‍ത്ഥനയുമായി സമീപിക്കുകയായിരുന്നു. ഇത് പൂര്‍വി നിരസിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഇയാള്‍ പൂര്‍വിയുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീ ആളി പടര്‍ന്നപ്പോള്‍ ഇയാള്‍ വീണ്ടും പൂര്‍വിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പൂര്‍വിക്കും ജീവനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post