ഹൈദരാബാദ്: തിരുപ്പതിയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിൽ പുക ഉയരുകയും അലാറം മുഴങ്ങുകയും ചെയ്തത് യാത്രക്കാരെ ഭയത്തിലാക്കി. ഒടുവിൽ യാത്രക്കാരൻ ശുചിമുറിയിൽ കയറി സിഗററ്റ് വലിച്ചതോടെയാണ് അലാറം അടിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ആശ്വാസത്തോടെ യാത്രക്കാർക്ക് യാത്ര തുടരാനായി. ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഗുഡൂർ കടക്കുന്നതിനിടെയാണ് പുക ഉയർന്നത്.
പെട്ടെന്ന് യാത്രയ്ക്കാരെയും ജീവനക്കാരേയും ആകെ പരിഭ്രാന്തിയിലാക്കി തീപ്പിടിത്തം സൂചിപ്പിക്കുന്ന അലാറം മുഴങ്ങുകയായിരുന്നു. പിന്നാലെ ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്പാർട്ടുമെന്റിൽ എയറോസോൾ സ്പ്രേ ചെയ്തുകൊണ്ട് പ്രവർത്തിക്കാനും തുടങ്ങി. മൂന്ന് കമ്പാർട്ട്മെന്റുകളിൽ പുകനിറഞ്ഞു.
ഇതോടെ ആളുകൾ പരിഭ്രാന്തരായി ഒച്ചവെച്ചു. കമ്പാർട്ടുമെന്റിലെ എമർജൻസി ഫോൺ ഉപയോഗിച്ച് ചിലർ ട്രെയിൻ ഗാർഡിനെ വിവരം അറിയിച്ചതോടെ മനുബുലു സ്റ്റേഷനു സമീപം ട്രെയിൻ നിർത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്റെ പ്രവർത്തിയാണ് പുകയ്ക്കും അലാറം അടിക്കാനും കാരണമായതെന്ന് തിരിച്ചറിഞ്ഞത്. ഗുഡൂരിൽ നിന്നോ മറ്റോ ടിക്കറ്റില്ലാതെ ട്രെയിനിൽ പ്രവേശിച്ചയാൾ ബാത്ത്റൂമിൽ കയറി കുറ്റിയിടുകയായിരുന്നു. ഇയാളാണ് പരിഭ്രാന്തി ഉയർത്താൻ കാരണമായത്. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയിൽവേ അറിയിച്ചു.
ബാത്ത്റൂമിൽ കയറി ഒളിച്ചിരുന്ന ആൾ സിഗരറ്റ് വലിച്ചതോടെയാണ് വന്ദേഭാരത് ട്രെയിനിലെ യാത്രക്കാർ മുഴുവൻ പരിഭ്രാന്തിയിലായത്. ട്രെയിനിൽ സിഗരറ്റിന്റെ പുക ഉയർന്നതോടെയാണ് ഫയർ അലാറം മുഴങ്ങുകയായിരുന്നു.
ശുചിമുറിയിൽ നിന്നാണ് പുക ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ റെയിൽവേ പോലീസ് ഉദ്യോസ്ഥർ അവിടെ പരിശോധന നടത്തുകയായിരുന്നു. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ശുചിമുറിയുടെ ജനൽ പാളി തകർത്തപ്പോഴാണ് ഉള്ളിൽ ഒരാൾ ഇരിക്കുന്നതായി കണ്ടത്. ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു.