കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തിനടുത്ത് ഉക്കടം കാർസ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽനിന്ന് ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ രണ്ടുദിവസംമുമ്പാണ് ഉക്കടം ജിഎം നഗർ സ്വദേശിയായ മുഹമ്മദ് ഇദ്രസ് അറസ്റ്റിലായത്.
ഉക്കടം കാർസ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ജമീഷ മുബീനൊപ്പം മുഴുവൻസമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായി അന്വേഷണസംഘം പറയുന്നു. കേസിൽ നേരത്തേ അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഇദ്രിസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജമീഷ മുബീന്റെ അടുത്തസുഹൃത്താണ് ഇയാൾ.
കുറഞ്ഞസമയംകൊണ്ട് ബോംബുനിർമ്മിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മുഹമ്മദ് ഇദ്രിസിന്റെ മൊബൈൽഫോണിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബോംബുനിർമാണത്തിൽ മുഹമ്മദ് ഇദ്രിസ് വിദഗ്ധനായിരുന്നെന്നാണ് എൻഐഎ പറയുന്നത്.
ഉക്കടം ചാവേർസ്ഫോടനം ആസൂത്രണംചെയ്യാൻ നിരവധിപേർ സാമ്പത്തികസഹായം നൽകിയതായാണ് വിവരം. അറസ്റ്റിന് തൊട്ടുമുമ്പ് മുഹമ്മദ് ഇദ്രിസ് തന്റെ പ്രധാനപ്പെട്ട ചില സുഹൃത്തുക്കളെ കണ്ടിരുന്നെന്നും എൻഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഇദ്രിസിന്റെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും സുഹൃത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നുമാണ് എൻഐഎ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
.
Discussion about this post