ഔറംഗാബാദിൽ: തക്കാളിക്ക് സ്വർണം തോൽക്കും വിധം വിലകയറ്റം സംഭവിച്ചുകൊണ്ടിരിക്കെ കള്ളന്മാരുടെ കണ്ണുകളും തക്കാളി കൃഷിയിടങ്ങളിലാണ്. കണ്ണുതെറ്റിയാൽ ലക്ഷക്കണത്തിന് രൂപ നഷ്ടം വരുത്തുന്ന തരത്തിൽ മോഷണവും പതിവായിരിക്കുകയാണ്. തക്കാളി കയറ്റി കൊണ്ടുപോകുന്ന ട്രക്കുകളും തട്ടിക്കൊണ്ടുപോകൽ ഭീഷണി നേരിടുന്നുണ്ട്.
ഇതിനിടെയാണ് വ്യത്യസ്തമായ രീതിയിൽ തക്കളി സംരക്ഷിക്കാൻ ഒരു കർഷകൻ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തക്കാളി കർഷകനായ ശരദ് റാവട്ടെയാണ് തക്കാളി കൃഷിചെയ്യുന്ന തോട്ടത്തിൽ സിസിടിവി സ്ഥാപിച്ച് സംരക്ഷണവലയം തീർത്തിരിക്കുന്നത്.
ഔറംഗാബാദിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് ശരദിന്റെ തക്കാളിപ്പാടം. ചുറ്റുപാടും തക്കാളി മോഷണം പതിവായതോടെ ശരദ് സുരക്ഷ ഒരുക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് ഗംഗാപൂരിലെ അദ്ദേഹത്തിന്റെ കൃഷി സ്ഥലത്തു നിന്നും 25 കിലോയോളം തക്കാളി മോഷണം പോയിരുന്നു. ഇതോടെയാണ് വിളവെടുക്കാനായ തക്കാളി തോട്ടത്തിന് സംരക്ഷണമേകാൻ 22,000 രൂപമുടക്കി സിസിടിവി സ്ഥാപിച്ചിരിക്കുന്നത്.
രാജ്യത്ത് പച്ചക്കറികളിൽ നിലവിൽ ഏറ്റവും കൂടുതൽ വില തക്കാളിക്കാണ്. അതുകൊണ്ട് ഒരു തക്കാളി പോലും കളയാൻ സാധിക്കില്ല എന്ന് അദ്ദേഹം പറയുന്നു. 22 മുതൽ 25 കിലോ തൂക്കം വരുന്ന തക്കാളി പെട്ടികൾ 3,000 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ഈ കർഷകൻ പറയുന്നു.
ശരദിന്റെ അഞ്ച് ഏക്കറോളം വരുന്ന തോട്ടത്തിൽ ഒന്നര ഏക്കറോളം തക്കാളിയാണ് കൃഷി ചെയ്തിരിക്കുന്നത്. ആറു മുതൽ ഏഴു ലക്ഷം രൂപവരെയാണ് ഇതിന് കണക്കാക്കുന്ന വില. വിവിധയിടങ്ങളിൽ കിലോക്ക് 100 മുതൽ 200 രൂപവരെയാണ് തക്കാളിക്ക് നിലിവിലെ വിലനിലവാരം.