ഹൈദരാബാദ്: കാമുകിക്ക് സർപ്രൈസ് നൽകാനായി പുലർച്ചെ പിസയുമായി എത്തിയ യുവാവിന് ടെറസിൽ നിന്നും വീണ് ദാരുണമരണം. കാമുകിയെ കാണുന്നതിനിടെയാണ് യുവാവ് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് പതിച്ചത്. ഹൈദരാബാദിൽ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷൊഹൈബ്(20) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൈദരാബാദിലെ ബോരബണ്ഡയിലെ താമസക്കെട്ടിടത്തിലാണ് അപകടമുണ്ടായത്. സമ്മാനമായി പിസയുമായിട്ടാണ് ഷൊഹൈബ് പുലർച്ചെ കാമുകി താമസിക്കുന്ന മൂന്നുനിലകെട്ടിടത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.
തുടർന്ന് പുറത്തേക്ക് വന്ന കാമുകിയുമൊത്ത് കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്നതിടെയാണ് ആരുടെയോ കാലൊച്ചകൾ കേട്ടത്. ഇത് പെൺകുട്ടിയുടെ പിതാവായിരിക്കുമെന്ന് കരുതിയ യുവാവ് ടെറസിൽ തന്നെ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിലതെറ്റി താഴേയ്ക്ക് വീണത്. ഇതിനിടെയാണ് വൈദ്യുതലൈനിൽ ശരീരം തട്ടിയതായും പോലീസ് പറഞ്ഞു.
നിലത്തുവീണ് ഗുരുതരപരിക്കേറ്റ യുവാവിനെ പിന്നീട് ബന്ധുക്കളെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെ മൂന്നുമണിയോടെ ഒസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അഞ്ചരയോടെ മരിച്ചു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post