കൊച്ചി: ലക്ഷദ്വീപില്‍ എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. മദ്യരഹിത മേഖലയാണ് ലക്ഷദ്വീപ്. ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനമെന്നും സംവിധായിക ചോദിക്കുന്നു.
മദ്യത്തിനു പൂര്‍ണനിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത്. അതേപോലെ പൂര്‍ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപെന്നും ഐഷ ഫേസ്ബുക്കില്‍
കുറിച്ചു.
ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കണോ എന്നതിനെപ്പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ല എന്നുതന്നെയാണ് ജനങ്ങളുടെ അഭിപ്രായം. മദ്യത്തിനു പൂര്‍ണനിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത് അല്ലെ. അതേപോലെ മദ്യം പൂര്‍ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ കോളജാണ്, ഡോക്ടര്‍മാരെയാണ്, മരുന്നുകളാണ്. വിദ്യാര്‍ഥികള്‍ക്ക് കോളജും സ്‌കൂളുകളിലേക്ക് ടീച്ചര്‍മാരെയുമാണ്. മഴ പെയ്താല്‍ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറന്റുകളാണ്, മത്സ്യബന്ധന തൊഴിലാളികള്‍ക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാന്റുകളുമാണ്.
ജനങ്ങള്‍ക്ക് യാത്രാസൗകര്യം കൂട്ടിക്കൊണ്ടുള്ള കപ്പലുകളാണ്. ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകള്‍ക്ക് എന്‍ജിന്‍ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്. ഇക്കണക്കിനു പോയാല്‍ 20 വര്‍ഷം ഓടേണ്ട കപ്പല്‍ 10 വര്‍ഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ടുവരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്. ഇതൊക്കെയാണ് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യം. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ? എന്നാണ് സംവിധായിക ചോദിക്കുന്നത്.
Discussion about this post