ചെന്നൈ: ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററി പിന്നണി പ്രവർത്തകർക്ക് എതിരെ ഉന്നയിച്ച പണം നൽകിയില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സംവിധായിക കാർത്തികി ഗൊൺസാൽവസിന് വക്കീൽ നോട്ടീസയച്ചത് തങ്ങളല്ലെന്നും തങ്ങളുടെ അറിവോടെ അല്ലെന്നും ഇരുവരും പ്രതികരിച്ചു.
കാർത്തികിയും സിനിമയുടെ നിർമ്മാതാക്കളും തങ്ങളുമായി സംസാരിച്ചെന്നും അവർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയെന്നും ബൊമ്മൻ പറഞ്ഞു. അതേസമയം, ആരാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്നുമാണ് ബൊമ്മൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
നേരത്തെ, നിർമ്മാതാക്കളായ ഗുനീത് മോംഗയുടെ സിഖ്യ എന്റർടെയ്ൻമെന്റും സംവിധായിക കാർത്തികി ഗോൺസൽവസും തങ്ങളെ സാമ്പത്തികമായി ദുരുപയോഗം ചെയ്‌തെന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. തങ്ങൾ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്നും ഇവർ ആരോപിച്ചിരുന്നു.
ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ നിരവധി പ്രയാസങ്ങൾ നേരിട്ടു. പലപ്പോഴും സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ടിവന്നിരുന്നു. ചിത്രീകരണ സമയം തങ്ങളുമായി കാർത്തികി നല്ല ബന്ധം പുലർത്തിയെന്നും ഓസ്‌കർ ലഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കിയില്ലെന്നം ഇവർ ആരോപിക്കുകയായിരുന്നു,
കൂടാതെ, ഓസ്‌കർ പ്രതിമയിൽ തൊടാൻ പോലും അനുവദിച്ചില്ല എന്നും ദമ്പതികൾ പറഞ്ഞിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരമായാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഇവരും വക്കീൽ നോട്ടീസയച്ചു എന്ന വാർത്തകളും പുറത്തെത്തിയത്.
ആതേസമയം, ബൊമ്മന്റെയും ബെല്ലിയുടെയും ഈ ആരോപണങ്ങൾ കാർത്തികി ഗോൺസാൽവസ് നിഷേധിച്ചിരുന്നു. ഡോക്യുമെന്ററിയുമായി സഹകരിച്ച എല്ലാവർക്കും ന്യായമായ പ്രതിഫലം നൽകിയിട്ടുണ്ടെന്നായിരുന്നു കാർത്തികി ഗോൺസാൽവസ് അറിയിച്ചിരുന്നത്.