ആഗ്ര: ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജർശനം നടത്തി സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെ കണ്ണുതുറന്ന് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ്. ബിജെപി ആഗ്ര ജില്ല മുൻ പ്രസിഡന്റ് മഹേഷ് ബാഗേൽ ആണ് സംസ്‌കാരത്തിന് തൊട്ടുമുൻപ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചത്.
നെഞ്ചിൽ അണുബാധയെ തുടർന്ന് ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേഷ് ബാഗേൽ ചലനമറ്റ നിലയിലേക്ക് മാറുകയായിരുന്നു. ഇതോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഈ വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
പിന്നീട് ബന്ധുക്കൾ ബാഗേലിനെ വീട്ടിലെത്തിച്ചു പൊതുദർശനത്തിന് ഒരുക്കി. നേതാവിന്റെ ‘മരണവിവരം’ അറിഞ്ഞ് വീട്ടിലേക്ക് നാട്ടുകാരും പാർട്ടി പ്രവർത്തകരും ഒഴുകിയെത്തി. സമൂഹ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ നിറഞ്ഞു.
പിന്നീട് അന്ത്യകർമങ്ങൾക്കുള്ള ഒരുക്കം നടക്കുന്നതിനിടെ ബാഗേലിന്റെ ശരീരത്തിൽ അനക്കം ചുറ്റും കൂടി നിന്നവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ ബാഗേൽ കണ്ണുതുറക്കുകയും ചെയ്തു. കരഞ്ഞുനിന്ന എല്ലാവരും അമ്പരക്കുകയും വിഷമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു.
ഉടനെ തന്നെ ഡോക്ടർമാരെ വിവരം അറിയിച്ച് ബാഗേലിനെ ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ ബാഗേലിന് വിദഗ്ധ പരിചരണം നൽകിയതായും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും സഹോദരൻ ലഖാൻ സിങ് ബാഗേൽ അറിയിച്ചിരിക്കുകയാണ്.
Discussion about this post