ഹൈദരാബാദ്: അമ്മയുടെ കാമുകന്‍ പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയ പത്ത് വയസ്സുകാരിയ്ക്ക് അത്ഭുതരക്ഷ. പാലത്തിന് കീഴെയുള്ള പൈപ്പില്‍ തൂങ്ങിക്കിടന്ന പെണ്‍കുട്ടി പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ചാണ് രക്ഷപ്പെട്ടത്. പുഴയില്‍ വീണ അമ്മയ്ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തില്‍ നിന്ന് ചെവ്വാഴ്ച പുലര്‍ച്ചെയാണ് അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും യുവാവ് തള്ളിയിട്ട് കൊല്ലാന്‍ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശിയായ അമ്മയ്ക്ക് ഒപ്പം കഴിഞ്ഞ ഒരു വര്‍ഷമായി താമസിച്ച് വരികയായിരുന്ന ഉലവ സുരേഷ് എന്ന യുവാവാണ് സംഭവത്തിന് പിന്നില്‍. രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്.
പുലര്‍ച്ചെയോടെ പാലത്തിന് അരികെ അമ്മയെയും കുഞ്ഞുങ്ങളെയും ഫോട്ടോ എടുക്കാന്‍ എന്ന പേരില്‍ സുരേഷ് നിര്‍ത്തി. തുടര്‍ന്ന് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും പുഴയില്‍ വീണു. പക്ഷേ പത്ത് വയസ്സുള്ള മൂത്ത മകള്‍, പാലത്തിന് കീഴെയുള്ള പൈപ്പില്‍ പിടിച്ചു നിന്നു. ഇവരെ തള്ളിയിട്ട ഉടന്‍ സുരേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തൂങ്ങിക്കിടന്ന് കൊണ്ട് തന്നെ കുട്ടി പോക്കറ്റിലെ ഫോണെടുത്ത് നൂറില്‍ വിളിച്ചു. വിവരമറിഞ്ഞ പോലീസ് പാഞ്ഞെത്തി പുലര്‍ച്ചെ മൂന്നേ മുക്കാലോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് വീഴാതെ അദ്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. പുഴയില്‍ കാണാതായ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ട പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post