ഇന്ദോര്‍: നിയന്ത്രണംവിട്ട് വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്നവര്‍ക്ക് രക്ഷകനായി യുവാവ്. അപകട സ്ഥലത്തേക്ക് ട്രിപ്പിനെത്തിയ സുമിത് മാത്യു എന്ന യുവാവാണ് കാറിലുണ്ടായിരുന്ന അച്ഛനേയും മകളേയും രക്ഷപ്പെടുത്തിയത്.
മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഇന്ദോര്‍ നഗരത്തോട് ചേര്‍ന്നുള്ള ലോധിയ കുണ്ഡ് വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ടു നീങ്ങി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും പിതാവുമായിരുന്നു കാറിലുണ്ടായിരുന്നത്.
ഇരുവരും വെള്ളത്തിലേക്ക് വീണു. ഇത് കണ്ട സുമിത് മാത്യു ആദ്യം വെള്ളത്തിലേക്കു ചാടി. നീന്തിയെത്തി പിതാവിനെ രക്ഷിച്ചു. ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പെണ്‍കുട്ടിയേയും കരയ്ക്കു കയറ്റി.
അപകടം കണ്ട് ഒരു നിമിഷം പകച്ചെങ്കിലും അവര്‍ മുങ്ങിത്താഴുന്നത് കണ്ട് ധൈര്യം സംഭരിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്ന് സുമിത് പറയുന്നു. ഇരുവരും രക്ഷപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും സുമിത് പറയുന്നു. മധ്യപ്രദേശില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് സുമിത്.
കാര്‍ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് അപകടകരമായ രീതിയിലാണ് കാര്‍ പാര്‍ക്ക് ചെയ്തതെന്നും അതാണ് ഉരുണ്ടുനീങ്ങി വെള്ളത്തില്‍ വീഴാന്‍ കാരണമെന്നും പോലീസ് പറയുന്നു.