ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ മൃഗമെന്ന സ്ഥാനത്ത് നിന്നും കടുവയെ നീക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി. ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പശുവിനെ ദേശീയ മൃഗമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോയെന്ന ബിജെപി എംപി ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പാർലമെന്റിൽ വ്യക്തമാക്കിയത്.
നിയമനിർമാണത്തിലൂടെ ഭാരതത്തിന്റേയും സനാതന സംസ്‌കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരിഗണിച്ച് ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഗോമാതയെ ദേശീയ മൃഗമായി അംഗീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ബിജെപി എംപിയുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കടുവയേയും മയിലിനേയുമാണ് യഥാക്രമം ഇന്ത്യയുടെ ദേശീയ മൃഗം, ദേശീയ പക്ഷിയായി സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്നും ഇവ രണ്ടും 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചിരിക്കുന്നു.
Discussion about this post