ലഖ്നൗ: യോഗി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ അഴിമതി ആരോപണം. ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിയമസഭയ്ക്ക് അകത്ത് വച്ച് ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലുള്‍പ്പെട്ട സെക്രട്ടറിമാരെ സസ്പെന്‍ഡ് ചെയ്ത് ഓര്‍ഡറും ഇറക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖനന, എക്സൈസ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭാര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.
മന്ത്രി ഓം പ്രകാശ് രാജ്ഭാറുടെ സെക്രട്ടറി 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. സ്‌കൂളുകള്‍ക്ക് ബാഗുകളും യൂണിഫോമും വിതരണം ചെയ്യുന്നതിനുള്ള കരാറിനായിയിട്ടാണ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങിന്റെ സെക്രട്ടറി കൈക്കൂലി വാങ്ങിയത്.