ബംഗളൂരു: വിദ്യാര്‍ഥികള്‍ക്ക് മോശം ഭക്ഷണം വിളമ്പിയ ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എംഎല്‍എ. കര്‍ണാടക ചിത്രദുര്‍ഗ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെസി വീരേന്ദ്രയാണ് ഹോസ്റ്റല്‍ വാര്‍ഡനെതിരെ രംഗത്തെത്തിയത്. ഇനി മോശപ്പെട്ട ഭക്ഷണം നല്കിയാല് വാര്‍ഡനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കാന്‍ എംഎല്‍എ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഹോസ്റ്റലില്‍ മോശം ഭക്ഷണമാണ് നല്‍കുന്നതെന്നാരോപിച്ച് ചിത്രദുര്‍ഗ ലോ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റല്‍ സന്ദര്‍ശനത്തിനെത്തി. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്ന് എംഎല്‍എ പറഞ്ഞു. ഇനിയും മോശപ്പെട്ട ഭക്ഷണം വിളമ്പിയാല്‍ വാര്‍ഡനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചോളൂ. ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്.
ചീഞ്ഞ പച്ചക്കറിയിലെ പുഴുക്കുകളെ മുഴുവന്‍ പുറത്തെടുത്ത് അയാളെക്കൊണ്ട് തീറ്റിക്കണം. എന്ത് വന്നാലും ബാക്കി ഞാന്‍ നോക്കിക്കോളം. ചില കാര്യങ്ങള്‍ ഇങ്ങനെയേ ശരിയാകൂ- എംഎല്‍എ വിദ്യാര്‍ഥികളോട് പറഞ്ഞു.
കുറച്ച് ദിവസമായി ഹോസ്റ്റലില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. ഉപയോഗിക്കാന്‍ കഴിയാത്ത സാധനങ്ങള്‍ ഉപയോഗിച്ചാണ് വാര്ഡന് ഭക്ഷണം തയ്യാറാക്കുന്നതെന്നും ചീഞ്ഞതും മോശപ്പെട്ടതുമായ ഭക്ഷണമാണ് വിളമ്പുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. മോശപ്പെട്ട ഭക്ഷണം കഴിച്ച് നിരവധി കുട്ടികള്‍ക്ക് അസുഖം ബാധിച്ചു. അവസാനമാണ് സമര മാര്ഗത്തിലെത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Discussion about this post