ന്യൂഡൽഹി: നേദ്രമന്ത്രി മീനാക്ഷഇ ലേഖി പാർലമെന്റിൽ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ചർച്ചയാകുന്നു. ‘മിണ്ടാതിരുന്നില്ലെങ്കിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നിങ്ങളുടെ വീട്ടിൽ വരും’ എന്ന് പ്രതിപക്ഷ അംഗങ്ങളെ ലോക്‌സഭയിൽ മന്ത്രി മീനാക്ഷി ലേഖി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് വലിയ ചർച്ചകൾക്ക് കളമൊരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞദിവസം ലോക്സഭയിൽ ഡൽഹി സർവീസസ് ബില്ലിൽ ചർച്ച നടക്കുന്നതിനിടെയാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെ മീനാക്ഷി ലേഖി ഭീഷണി നുഴക്കിയത്. ‘ഒരുമിനിറ്റ് നിശബ്ദരായിരിക്ക്. ഇല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ വരും’, എന്നായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
കേന്ദ്രസർക്കാരിനെതിരായി നിലപാടെടുക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതായുള്ള ആരോപണം നിലനിൽക്കെയാണ് മീനാക്ഷി ലേഖിയുടെ വാക്കുകൾ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ തുറന്ന ഭീഷണിയെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിയുടെ ഈ ഭീഷണിക്കെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.