ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ പരമാവധി ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. രാഹുലിന് ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും തടസ്സമുണ്ടാകില്ല. പരമാവധി ശിക്ഷ നല്‍കുന്നതിനോട് കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അത് രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ രണ്ടുവര്‍ഷം വരെയാകാമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. ഒരു മണ്ഡലം ജനപ്രതിനിധിയില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നും കോടതി ചോദിച്ചു. ഇരു വിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് കോടതി സമയം നല്‍കിയത്. ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ഹര്ജിക്കാരന് കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നല്‍കിയെന്ന് വിധിയില്‍ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ഇന്ന് ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരന് പൂര്‍ണേഷ് മോദിയുടെ ആദ്യ പേരില്‍ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വി വാദിച്ചു. ബോധപൂര്‍വമായി മോദി സമുദായത്തെ ആക്ഷേപിക്കാന്‍ രാഹുല്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്വി കോടതിയില്‍ പറഞ്ഞു. സ്റ്റേ നല്കണമെങ്കില് അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post