ന്യൂഡൽഹി: പാകിസ്താനിൽ നിന്നും നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി സീമ ഹൈദർ ഇനി സിനിമാ താരം. ‘ജാനി ഫയർഫോക്സ്’ നിർമിക്കുന്ന ‘എ ടെയ്ലർ മർഡർ സ്റ്റോറി’ എന്ന സിനിമയിൽ സീമ പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ ഉദ്യോഗസ്ഥയായാണ് സീമ ഹൈദർ സിനിമയിൽ അഭിനയിക്കുകയെന്നാണ് വിവരം.
സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ച് സീമ ഹൈദറിനെയും ഭർത്താവ് സച്ചിനെയും കണ്ടെന്ന്് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യലാലിനെ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ‘എ ടെയ്ലർ മർഡർ സ്റ്റോറി’ എന്ന സിനിമ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവരാണ് സംവിധാനം ചെയ്യുന്നത്.
നേരത്തെ, നോയിഡയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി സീമയും സച്ചിനും പറഞ്ഞിരുന്നു. ഭക്ഷണത്തിനും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടുണ്ടെന്നും ഇരുവരും വീഡിയോസന്ദേശത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് സിനിമയിൽ അവസരം എത്തിയിരിക്കുന്നത്.
പബ്ജി ഗെയിം വഴി പരിചയപ്പെട്ട സീമ ഹൈദറും സച്ചിനും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇതിനായി നാല് മക്കളേയും കൊണ്ട് സീമ നേപ്പാൾ വഴി ഇന്ത്യയിലെത്തുകയായിരുന്നു. ഒന്നരമാസം മുൻപ് ഇന്ത്യയിൽ പ്രവേശിച്ച ഇവരെ പോലീസ് പിടികൂടിയിരുന്നു. സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാകിസ്താൻ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്നും വ്യക്തമായത്.