അരുണിമയ്ക്ക് മുന്നില്‍ ലോകം വീണ്ടും ചെറുതായി; കൃത്രിമക്കാലില്‍ ഹിമാലയം കീഴടക്കിയതിനു പിന്നാലെ അന്റാര്‍ട്ടിക്കന്‍ കൊടുമുടിയും കീഴടക്കി ധീരവനിത; ഇന്ത്യയ്ക്ക് അഭിമാനം

ന്യൂഡല്‍ഹി: ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും ഒന്നിനും തളര്‍ത്താനായില്ല, കൃത്രിമക്കാലുമായി നടന്നുകയറിയ ഉയരങ്ങള്‍ നമിക്കുകയാണ് ഈ ധീര വനിതയെ. ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് ഇന്ത്യയുടെ അഭിമാനമായ അരുണിമ സിന്‍ഹ ഇത്തവണ കീഴടക്കിയിരിക്കുന്നത് അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിന്‍സണാണ്. കൃത്മ്രക്കാലുമായി ഈ കൊടുമുടിയ കീഴടക്കിയ ആദ്യവനിതയെന്ന നേട്ടവും അരുണിമയ്ക്ക് സ്വന്തമായി. ഇതോടെ, 2013ല്‍ എവറസ്റ്റ് കീഴടക്കി ചരിത്രത്തില്‍ ഇടം നേടിയ ഈ യുവതിയുടെ മുന്നില്‍ തലകുനിച്ച മഹാപര്‍വതങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ് അറ്റമില്ലാതെ.

അന്ന്, കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായിരുന്നു മുപ്പതുവയസുകാരിയായ അരുണിമ സിന്‍ഹ. അന്റാര്‍ട്ടിക്കന്‍ കൊടുമുടിയും കീഴടക്കിയതോടെ, അരുണിമയുടെ നേട്ടത്തിന് കൈയ്യടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ അഭിമാനമാണ് അവളെന്നും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം അവള്‍ കൈവരിച്ചിരിക്കുന്നതെന്നും നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, 2011ലെ ഒരു ആക്രമണത്തിലാണ് അരുണിമയുടെ കാല് നഷ്ടപ്പെടുന്നത്. ട്രെയിന്‍ യാത്രയില്‍ മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ അരുണിമ ട്രെയിനില്‍ നിന്നും തെറിച്ചു വീണാണ് കാല്‍ നഷ്ടപ്പെട്ടത്. ട്രാക്കിലേക്ക് വീണ അരുണിമയുടെ കാലിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. നീണ്ടനാളത്തെ ചികിത്സയ്ക്ക് ശേഷം കൃത്രിമക്കാലുമായി പുറംലോകത്തേക്ക് കാലെടുത്തുവെച്ച അരുണിമ തോറ്റ് പിന്‍മാറാന്‍ തയാറാകാതെ ലോകം തന്നെ കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് ചരിത്രമായത്.

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി പാലുമായി സൗഹൃദം സ്ഥാപിച്ചതാണ് അരുണിമയെ എവറസ്റ്റ് കീഴടക്കുന്നതിലേക്ക് നയിച്ചത്. കിളിമഞ്ചാരോ അടക്കം ഒട്ടേറെ കൊടുമുടികള്‍ ഇതിനകം അരുണിമയ്ക്ക് മുന്നില്‍ തലകുനിച്ചു. 2015 -ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Exit mobile version