ചെന്നൈ: നിരവധി കൊലപാതക കേസുകളിലും ഗുണ്ടാ അക്രമങ്ങളിലും പ്രതികളായവർ പോലീസിനെ ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു. തമിഴ്നാട് പോലീസാണ് എസ്‌ഐയെ ആക്രമിക്കാൻ ശ്രമിച്ച രണ്ടുപേരെ സംഭവ സ്ഥലത്ത് വെച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ 3.30-നായിരുന്നു സംഭവം. ചെന്നൈ സ്വദേശികളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഉപയോഗിച്ച് സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥനെ ഇടിച്ച് വീഴ്ത്താൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.
#WATCH | Tamil Nadu | Two history sheeter shot dead by police at around 3.30 am today after they attacked police officials with a sickle at Guduvanchery on the outskirts of Chennai. pic.twitter.com/Qx7ldYsh2w
— ANI (@ANI) August 1, 2023
എസ്‌ഐ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടെങ്കിലും പ്രതികളുടെ കാർ പോലീസ് വാഹനത്തിൽ ഇടിച്ചുനിർത്തുകയായിരുന്നു. പിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങിയ നാല് പേർ പോലീസിനെ അക്രമിക്കുകയും ചെയ്തു. തുടർന്ന് സ്വയം രക്ഷയ്ക്കായി ഉദ്യോഗസ്ഥർ പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം.
കൂടാതെ പ്രതികൾ പോലീസിന് നേരെ ബോംബെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച രണ്ട് പേർക്ക് പുറമെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
കൊല്ലപ്പെട്ട വിനോദ് 16 കൊലപാതകക്കേസുകൾ ഉൾപ്പെടെ 50-ലധികം കേസുകളിൽ പ്രതിയാണ്. ഇയാൾ ഛോട്ടാ വിനോദ് എന്നാണ് അറയിപ്പെടുന്നത്. അതേസമയം, ആറ് കൊലപാതകങ്ങളുൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് രമേശ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തമിഴ്നാട് ഡിജിപി ഉത്തരവിട്ടു.