ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം, വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന് സഹപാഠിയായ സുഹൃത്ത്

ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കാന്‍പൂര്‍: ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 15 വയസ്സുകാരനെ കുത്തിക്കൊന്ന് ഉറ്റസുഹൃത്ത്. ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ സ്വകാര്യ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ക്ലാസ് ഉച്ച ഭക്ഷണത്തിനായി ഇടവേള നല്‍കിയ സമയത്തായിരുന്നു കൊലപാതകം. 13കാരനായ വിദ്യാര്‍ത്ഥിയാണ് 15കാരനായ സഹപാഠിയെ കൊലപ്പെടുത്തിയത്. ഇരുവരും പത്താം ക്ലാസിലെ സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്.

15കാരന്‍ കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ തോറ്റതോടെയാണ് 13കാരന്റെ ക്ലാസിലെത്തിയത്. നാല് ദിവസം മുന്‍പ് ഇരുവരും തമ്മില്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോടുള്ള ചങ്ങാത്തത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടായിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചഭക്ഷണ സമയത്തെ വാക്കേറ്റത്തിനിടയില്‍ ബാഗില്‍ കരുതിയിരുന്ന കത്തി എടുത്ത് 13 കാരന്‍ 15കാരനെ കുത്തുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റാണ് പതിനനഞ്ചുകാരന്‍ മരിച്ചത്. 15കാരന്റെ നിലവിളി കേട്ട് ക്ലാസിലേക്ക് ഓടിയെത്തിയ മറ്റ് വിദ്യാര്‍ത്ഥികളാണ് ആക്രമണത്തെ കുറിച്ച് അധ്യാപകരെ അറിയിച്ചത്. അധ്യാപകര്‍ ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴേയ്ക്കും 15കാരന്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു.

അതേസമയം, കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏകമകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version