അഹ്‌മദാബാദ്: ഗുജറാത്തിലെ 10ാം ക്ലാസ് പരീക്ഷയിൽ ഒരാൾ പോലും ജയിക്കാത്ത സ്‌കൂളുകളുടെ എണ്ണം രാജ്യത്തിന് വലിയ നാണക്കേടായ സംഭവത്തിന് പിന്നാലെ നടത്തിയ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോൽവി. സപ്ലി പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാർഥികളിൽ 1.12 ലക്ഷം പേരും പരാജയപ്പെട്ടു.
സംസ്ഥാനത്തെ വിജയശതമാനം 26.65 മാത്രം. ആകെ 1,80,158 വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്‌തെങ്കിലും എന്നാൽ, 26,764 പേർ പരീക്ഷയെഴുതിയിരുന്നില്ല. രജിസ്റ്റർ ചെയ്ത 100,425 ആൺകുട്ടികളിൽ 22,620 പേർ വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാർത്ഥിനികളിൽ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം.
നേരത്തെ, പുറത്തെത്തിയ ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷയിൽ ഗുജറാത്തിലെ 157 സ്‌കൂളുകളിൽ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തിൽ താഴെ മാത്രമായിരുന്നു വിജയശതമാനം.
മുൻവർഷങ്ങളിലും സമാനമായിരുന്നു സ്ഥിതി. 2022ൽ നടന്ന പരീക്ഷയിൽ 121 സ്‌കൂളുകളാണ് ഒരു വിദ്യാർത്ഥിയെ പോലും വിജയിപ്പിക്കാനാകാതെ പരാജയമായത്. ഇത്തവണ റിസൾട്ട് വന്നപ്പോഴാകട്ടെ 36 സ്‌കൂളുകൾ കൂടി ഈ പട്ടികയിൽ കയറി.
ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജിഎസ്ഇബി) നടത്തിയ പത്താം ക്ലാസ് പരീക്ഷ ആകെ 7.34 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതിൽ 4.74 ലക്ഷം വിദ്യാർത്ഥികളാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം. 2022ൽ 65.18 ആയിരുന്നു വിജയശതമാനം. ആ വർഷം 71.66 ശതമാനം പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ 59.92 ആയിരുന്നു ആൺകുട്ടികളുടെ വിജയ ശതമാനം.
Discussion about this post