മണിപ്പൂരിൽ ആക്രമിക്കപ്പെട്ട ബിജെപി എംഎൽഎയുടെ ശരീരത്തിന്റെ ഒരുവശം തളർന്നു; ബിജെപി മുഖ്യമന്ത്രിയും സർക്കാരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ആക്രമിക്കപ്പെട്ട കുക്കി വംശക്കാരനായ ബിജെപി എംഎൽഎ ഒരു വശം തളർന്നു കിടപ്പിലായി. മേയ് നാലിനാണ് ഇംഫാലിൽ മെയ്‌തേയി വിഭാഗം വാഹനം തടഞ്ഞ് വുങ്സാഗിൻ വാൾട്ടെ എംഎൽഎയെ ആക്രമിച്ചത്.

ഇന്ന് എംഎൽഎയും കുടുംബവും ഡൽഹി കൽക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ വാടക അപ്പാർട്ട്മെന്റിൽ കഴിയുന്നത്. 30,000 രൂപ മാസവാടക കൊടുക്കാൻ പോലും തങ്ങൾ കഷ്ടപ്പെടുകയാണെന്നും ആരും സഹായിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ മകൻ ജോസഫ് വാൾട്ടെ പറഞ്ഞു.

ഇതുവരെ വുങ്‌സാഗിന്റെ ചികിത്സക്ക് ഒരുകോടിയിലേറെ ചെലവായി. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ വുങ്സാഗിൻ വാൽട്ടെയെ വിമാനമാർഗം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ചികിത്സക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴും കിടക്കയിൽനിന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇദ്ദേഹം. സംസാരിക്കാനും കഴിയുന്നില്ല.

അതേസമയം, ഇത്തരം ഒരു അവസ്ഥയിലായിട്ടും മണിപ്പൂരിലെ ബിജെപി സർക്കാരോ മുഖ്യമന്ത്രി ബീരേൻ സിങോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഭരണപക്ഷത്തെ ഒരു കുക്കി എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ നാട്ടിലെ കുക്കി വംശജരുടെ അവസ്ഥ എന്താകുമെന്നാണ് ആശങ്ക.

ALSO READ- ‘ഞങ്ങൾക്ക് അവൾ മരിച്ച പോലെ, വേഗം മരിക്കാനായി പ്രാർത്ഥിക്കുന്നു; അവളുടെ മക്കളുടെ ഭാവിയാണ് തകർത്തത്’; പാകിസ്താനിലേക്ക് പോയ അഞ്ജുവിന്റെ പിതാവ്

വുങ്സാഗിൻ വാൾട്ടെ മുൻ ഗോത്രവകുപ്പ് മന്ത്രി കൂടിയാണ്. ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. മേയ് നാലിന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് വിളിച്ച യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മെയ്‌തേയ് വിഭാഗം അദ്ദേഹത്തിന്റെ കാർ തടഞ്ഞ് ആക്രമിച്ചത്. മുഖം ആക്രമണത്തിൽ ചതഞ്ഞ് പോയിരുന്നു.

തുടർന്ന് ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇപ്പോൾ ഇടതുവശം തളർന്ന നിലയിലാണ്. അദ്ദേഹത്തിന് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ആശുപത്രിയിൽ മൂന്ന് മാസത്തോളം കിടന്നു. മുഖത്തിന്റെ രൂപം ശരിയാക്കാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ ശരീരത്തിന്റെ ഇടതുഭാഗം തളർന്നിരിക്കുകയാണെന്നും മകൻ പറയുന്നു.

ഭർത്താവിന്റെ പാർട്ടിക്കാരായ മണിപ്പൂരിലെ ബിജെപി സർക്കാർ തങ്ങളെ വഞ്ചിച്ചതായി എംഎൽഎയുടെ ഭാര്യ ആരോപിച്ചു. വാൾട്ടെയുടെ ആശുപത്രി ബില്ല് ഒരു കോടി കവിഞ്ഞു. ഡിസ്ചാർജ് ചെയ്ത ശേഷം സംസ്ഥാന, കേന്ദ്ര സർക്കാർ പ്രതിനിധികളാരും വാൾട്ടെയെ സന്ദർശിച്ചില്ല. ഒരിക്കൽ മാത്രമാണ് മുഖ്യമന്ത്രി ബിരേൻ സിങ് വിളിച്ചത്. വിഷമിക്കേണ്ടെന്നും ഭർത്താവിന് സുഖമാകുമെന്നും പറഞ്ഞു. അതിന് ശേഷം ഫോണിൽ പോലും ബിരേൻ സിങ് വിളിച്ചിട്ടില്ലെന്ന് വാൾട്ടേയുടെ ഭാര്യ മൊയ്നു പറഞ്ഞതായി ‘ദി പ്രിന്റി’നോട് ചെയ്തു.

Exit mobile version