ബംഗളൂരു: സിനിമാതാരങ്ങളുടെയും മൂന്നു നിര്‍മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡികുമാരസ്വാമി. നികുതി വെട്ടിപ്പ് ഉണ്ട് എന്ന ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍കംടാക്‌സ് അധികൃതര്‍ പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ ഒരു വിവരം ലഭിച്ചാല്‍ പിന്നെ പരിശോധന നടത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നും കുമാരസ്വാമി പറഞ്ഞു. റെയ്ഡ് സംബന്ധിച്ച് പുറത്ത് വരുന്ന മറ്റ് ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്മാരായ ശിവരാജ്കുമാര്‍, പുനീത് രാജ്കുമാര്‍, കെജിഎഫ് താരം യാഷ്, സുദീപ് എന്നിവരുടെയും റോക്ക്ലൈന്‍ വെങ്കടേഷ്, സി.ആര്‍. മനോഹര്‍, വിജയ് കിരാഗന്‍ദുരു എന്നിവരുടെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടായിരുന്നു പരിശോധന.
ശിവരാജ്കുമാറും പുനീത് രാജ്കുമാറും വിഖ്യാത നടന്‍ രാജ്കുമാറിന്റെ മക്കളാണ്. മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മരുമകന്‍ കൂടിയാണ് ഹാട്രിക് സ്റ്റാര്‍ എന്നറിയപ്പെടുന്ന ശിവരാജ്.