ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് പ്രതിസന്ധിയില്‍; ശമ്പളം നല്‍കാന്‍ 1000 കോടി കടമെടുത്തു

ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന ആശങ്കയിലാണ് എച്ച്എഎല്‍ അധികൃതര്‍. ഓവര്‍ ഡ്രാഫ്റ്റ് ലിമിറ്റ് നിലവിലെ 1950 കോടി രൂപയാണ്

പ്രതിരോധ രംഗത്തെ പ്രമുഖ പൊതുമേഖല നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്സ് ലിമിറ്റഡ് 20 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ശമ്പളം നല്‍കാന്‍ പണമില്ലാതെ പ്രതിസന്ധിയിലാകുന്നതും ഇത്തരത്തില്‍ കടമെടുക്കുന്നതുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന ആശങ്കയിലാണ് എച്ച്എഎല്‍ അധികൃതര്‍. ഓവര്‍ ഡ്രാഫ്റ്റ് ലിമിറ്റ് നിലവിലെ 1950 കോടി രൂപയാണ്.

ഇത് ഉയര്‍ത്താനുള്ള ശ്രമം എച്ച്എഎല്‍ നടത്തുന്നുണ്ട്. യുദ്ധവിമാനങ്ങളടക്കം നിര്‍മ്മിക്കുന്ന എച്ച്എഎല്ലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യന്‍ എയര്‍ഫോഴ്സ് 2017 സെപ്റ്റംബര്‍ മുതല്‍ പണം നല്‍കിയിട്ടില്ല. ഒക്ടോബറില്‍ കിട്ടാനുള്ള തുക 10,000 കോടി രൂപയായിരുന്നു. ഡിസംബര്‍ 31ന് ഇത് 15,700 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്ന് എച്ച്എഎല്‍ എംഡി ആര്‍ മാധവന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇതില്‍ 14,500 കോടി രൂപ എയര്‍ഫോഴ്സും ബാക്കി ആര്‍മിയുമാണ് തരാനുള്ളത്. 2000 കോടി രൂപ മാത്രമാണ് വ്യോമസേന നല്‍കിയത്. 2003 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ കാണിക്കുന്നത് എച്ച്എഎല്ലിന്റെ നീക്കിയിരിപ്പ് ഒരിക്കലും ഇത്രയ്ക്ക് കുറവായിരുന്നില്ല എന്നാണ്. 2003-04ലെ 4841 കോടിയാണ് ഏറ്റവും കുറഞ്ഞ കാഷ് ബാലന്‍സ്. 2018 മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 6521 കോടി രൂപ കാഷ് ബാലന്‍സുണ്ടായിരുന്ന എച്ച്എഎല്‍ സെപ്റ്റംബറില്‍ 1000 കോടിയിലേയ്ക്ക് താഴ്ന്നു. ഡിസംബര്‍ 31ന് ഒന്നുമില്ലാതായി. പ്രൊക്യൂര്‍മെന്റിനും ശമ്പളം നല്‍കുന്നതിനുമായി ഒരു മാസം ശരാശരി 1300 മുതല്‍ 1400 കോടി രൂപ വരെയാണ് എച്ച്എഎല്‍ ചിലവാക്കുന്നത്.

റാഫേലുമായി ബന്ധപ്പെട്ട മോദി സര്‍ക്കാരിന്റെ പ്രതികാരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയത് വിവാദമായി തുടരുകയാണ്. കരാറുമായി ബന്ധപ്പെട്ട് എച്ച്എഎല്‍ വൃത്തങ്ങളില്‍ നിന്ന് വന്ന പ്രതികരണങ്ങള്‍ മോദി സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല.

എച്ച്എഎല്ലിന്റെ ശേഷി സംബന്ധിച്ച് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എച്ച്എഎല്‍ മാത്രമല്ല ഒഎന്‍ജിസി, എല്‍ഐസി, എച്ച്പിസിഎല്‍, ജി എസ് പി സി തുടങ്ങിയ പ്രധാന പൊതുമേഖല സ്ഥാപനങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ നിക്ഷിപ്ത് താല്‍പര്യക്കാര്‍ക്ക് വേണ്ടി തകര്‍ക്കുകയാണ് എന്ന് കോണ്‍ഗ്രസ് ട്രഷററും രാജ്യസഭ എംപിയുമായ അഹമ്മദ് പട്ടേല്‍ ആരോപിച്ചു.

Exit mobile version