പനാജി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കൈവശമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നതോടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ജീവന്‍ അപകടത്തിലെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി ഗോവ ഘടകമാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഈ പശ്ചാത്തലത്തില്‍ പരീക്കര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയക്കുകയും ചെയ്തു.
റഫാല്‍ കരാറിലെ അഴിമതി വെളിവാക്കുന്ന രേഖകള്‍ പൊതുജനമധ്യത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നവര്‍ പരീക്കറുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഏറെയാണെന്നാണ് കത്തില്‍ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലെയാണ് റഫാലിലെ സുപ്രധാന രേഖകള്‍ പരീക്കറുടെ പക്കലുണ്ടെന്ന് വെളിവാക്കുന്ന ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണയുടെ ശബ്ദസന്ദേശം ചൊവ്വാഴ്ച പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ലോക്‌സഭയിലും വിഷയം ആളിക്കത്തി. പരീക്കര്‍ ഇത്തരം വിവരങ്ങള്‍ വച്ച് പ്രധാനമന്ത്രിയെ ബ്ലാക്കമെയില്‍ ചെയ്യുകയാണെന്നും അതിനാലാണ് അദ്ദേഹത്തെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാത്തതെന്നും വെരെ രാഹുലിന്റെ വിമര്‍ശനങ്ങള്‍ നീണ്ടിരുന്നു. എന്നാല്‍, ബിജെപിയും എന്‍ഡിഎയും ഇത് പാടെ തള്ളുകയായിരുന്നു.