ഹൽദ്വാനി: കാറിനുള്ളിൽ പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. യുവവ്യവസായിയായ അങ്കിത് ചൗഹാനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കാമുകിയും സുഹൃത്തുക്കളും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പെൺസുഹൃത്ത് അടക്കം അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളിലൊരാൾ പാമ്പാട്ടിയാണ്. ഇയാളാണ് പാമ്പിനെ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. പാമ്പാട്ടിയെ അറസ്റ്റ് ചെയ്‌തെങ്കിലും പെൺസുഹൃത്ത് ഉൾപ്പെടെയുള്ള മറ്റുപ്രതികൾ ഒളിവിലാണ്.
ജൂലായ് 15-ാം തീയതിയാണ് അങ്കിത് ചൗഹാനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ കാലിൽ പാമ്പ് കടിയേറ്റെന്ന് വ്യക്തമായി. എന്നാൽ, മരണത്തിൽ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ അങ്കിതിന്റെ കാമുകിയായ ഡോളിയാണ് കൃത്യം ചെയ്തതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. അങ്കിതും ഡോളിയും തമ്മിൽ ഏറെനാളായി പ്രണയത്തിലായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും പണവും കൈപ്പറ്റിയിരുന്നു. അടുത്തിടെ അങ്കിതുമായി ഡോളി അകന്നു. എന്നാൽ ബന്ധം ഉപേക്ഷിക്കാൻ അങ്കിത് തയ്യാറായില്ല.
ബന്ധം തുടരാൻ ഇയാൾ നിർബന്ധിച്ചു. ഇതോടെയാണ് അങ്കിതിനെ ഇല്ലാതാക്കാൻ ഡോളി തന്റെ കൂട്ടാളികളുമായി ചേർന്ന് ആസൂത്രണം നടത്തിയത്. പാമ്പാട്ടിയ്ക്ക് പണം നൽകി കൂടെ നിർത്തുകയായിരുന്നു. ഇയാളുടെ പാമ്പിനെ ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പാമ്പാട്ടിയാണ് പാമ്പിനെ കൊണ്ട് അങ്കിതിന്റെ കാലിൽ കടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.