ലഖ്നൗ: പബ്ജിയിലെ സൗഹൃദം പ്രണയമായതോടെ നാല് കുട്ടികളുമായി ഇന്ത്യയിലെ കാമുകനെ തേടി എത്തിയ യുവതിയോട് മടങ്ങി വരണമെന്നു അഭ്യർത്ഥിച്ച് മുൻഭർത്താവ്. വീണ്ടും ഭാര്യയെ സ്വീകരിക്കാൻ തയ്യാറാണെന്നും മക്കളെ ഓർത്തെങ്കിലും തിരികെ വരണമെന്നുമാണ് ഭർത്താവ് ഗുലാം ഹൈദർ അപേക്ഷിക്കുന്നത്. ഒരു പാകിസ്താനി യുട്യൂബർക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് യുവതി സീമ ഹൈദറിനോട് ആദ്യഭർത്താവ് ഗുലാം ഹൈദർ തിരികെച്ചെല്ലണമെന്ന് അപേക്ഷിച്ചത്.
താനിപ്പോഴും സീമയെ സ്നേഹിക്കുന്നതായും ഇനിയുള്ള കാലവും ആ ഇഷ്ടം തുടരുമെന്നും ഗുലാം ഹൈദർ പറയുന്നുണ്ട്. താനെത്രത്തോളം സീമയെ സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയാം. ‘അവിടെ എന്തെങ്കിലും അപകടമുണ്ടായാൽ നമ്മുടെ മക്കൾക്ക് എന്തുസംഭവിക്കുമെന്ന് നീയൊന്ന് ചിന്തിച്ചുനോക്കൂ, ആരവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കും? അവർക്കുവേണ്ടി നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആരും നിന്നോട് ഒന്നും പറയില്ല. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം’- എന്നാണ് ഗുലം പറയുന്നത്.
കൂടാതെ, സീമയുടെ സ്വഭാവം വളരെ നല്ലതാണെന്നും അയാൾ കൂട്ടിച്ചേർത്തു. സീമയും ഗുലാമും വിവാഹമോചിതരായതാണ്. അതേസമയം, സീമയ്ക്ക് വേണ്ടിയാണ് തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതെന്നും ഗുലാം പറയുന്നുണ്ട്. ഗുലാം മാസംതോറും സീമയ്ക്കും മക്കൾക്കും വേണ്ടി 80,000-90,000 രൂപ അയക്കുമായിരുന്നുവെന്നും പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ സീമയേയും യുപി സ്വദേശിയായ കാമുകൻ സച്ചിൻ മീണയേയും ഉത്തർപ്രദേശ് എടിഎസ് ചോദ്യം ചെയ്യാനായി തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പാകിസ്താൻ സ്വദേശിനിയായ സീമ മക്കളേയും കൊണ്ട് നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയത്.ാേ
Discussion about this post