പാടന: സുഹൃത്തുക്കളുമായി പന്തയം വച്ച് ‘മോമോസ്’ കഴിച്ച യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ബിപിന്‍ കുമാര്‍ പാസ്വാന്‍ എന്ന 25 കാരന് ആണ് മതിച്ചത്.
അമിതമായ അളവില്‍ മോമോസ് കഴിച്ചതാണ് മരണ കാരണം. അതേസമയം യുവാവിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പിതാവ് ആരോപിച്ചു. മോമോസ് ഈറ്റിംഗ് ചലഞ്ച് തന്റെ മകനെ കൊല്ലാന്‍ മനഃപൂര്‍വം ചെയ്തതാണെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് കൊലപാതകം നടത്തിയതെന്നും പിതാവ് ആരോപിച്ചു.
മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന പാസ്വാന്‍ ജോലി കഴിഞ്ഞ് എപ്പോഴും കൂട്ടുകാരെ കാണുമായിരുന്നു. അതിനിടെ സുഹൃത്തുക്കള്‍ പാസ്വാനോട് മോമോസ് ചലഞ്ച് നടത്താന്‍ വെല്ലുവിളിക്കുകയായിരുന്നു.
പന്തയത്തിന്റെ ഭാഗമായി ഇയാള്‍ 150 ഓളം മോമോസ് കഴിച്ചുവെന്നാണ് വിവരം. മോമോസ് കഴിച്ചതിന് ശേഷം ബിപിന്റെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
യുവാവിനെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.