ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ ഡല്‍ഹിയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം ഉണ്ടായത്. മുങ്ങി മരിച്ച മൂന്ന് കുട്ടികളും 13 വയസിന് താഴെ പ്രായമുള്ളവരാണ്. പ്രളയത്തില്‍ വെള്ളം നിറഞ്ഞ മൈതാനത്തില്‍ ഒരുകൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെ, അവരില്‍ മൂന്ന് പേരാണ് കുഴിയില്‍ മുങ്ങിപ്പോയത്.
ഒപ്പം കളിക്കുകയായിരുന്ന മറ്റ് കുട്ടികള്‍ സമീപത്തുണ്ടായിരുന്നവരെ പെട്ടെന്ന് വിവരം അറിയിച്ചെങ്കിലും, നാട്ടുകാരും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി മൂവരേയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. പിയൂഷ് (13), ആശിഷ് (10), നിഖില്‍ (8) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവന് റാം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവര്‍ മൂന്ന് പേരും ജഹാംഗിര്‍പുരി – എച്ച് ബ്ലോക്കില്‍ താമസിക്കുന്നവരാണ്. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post