ന്യൂഡല്‍ഹി: വ്യാജന്മാരെ പൂട്ടാന്‍ ട്രൂ കോളറുമായി സഹകരിച്ച് വോഡഫോണ്‍ ഐഡിയ രംഗത്ത്. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വോഡഫോണ്‍ ഐഡിയയുടെ പുതിയ നീക്കം. ജൂലൈ 13 ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഉപഭോക്തൃ സേവന തട്ടിപ്പുകളില്‍ നിന്ന് ഉപയോക്താക്കളെ തടയുക, വിശ്വസനീയമായ ആശയവിനിമയം ഉറപ്പുവരുത്തുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.
അതേസമയം, രാജ്യത്ത് കസ്റ്റമര്‍ സര്‍വീസ് തട്ടിപ്പുകളുടെ എണ്ണം ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്പാം കോളുകള്‍ തിരിച്ചറിയുന്നതിന് ഉപയോക്താക്കളെ സഹായിക്കാനാണ് ടെലികോം കമ്പനി ട്രൂകോളറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
കൂടാതെ, ട്രൂകോളര്‍മാര്‍ ഇതിനകം തന്നെ പരിശോധിച്ചുറപ്പിച്ച ബിസിനസ്സ് സൊല്യൂഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. തങ്ങള്‍ക്ക് 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലോഞ്ച് ചെയ്തതിനുശേഷം ഇത് ഒരു ബില്യണിലധികം തവണ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും 2021-ല്‍ ഏകദേശം 50 ബില്യണ്‍ അനാവശ്യ കോളുകള്‍ കണ്ടെത്തി കമ്പനി ബ്ലോക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.