പാരിസ്: ഫ്രാന്‍സില്‍ പിജി പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പകരം ഇനി അഞ്ച് വര്‍ഷത്തെ വിസ ലഭിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രിക്ക് പാരീസില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിക്കിടെയാണ് പ്രഖ്യാപനം. ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠന ശേഷം ദീര്‍ഘകാല തൊഴില്‍ വിസ അനുവദിക്കുന്നതിന് പുറമെ ഇന്ത്യയുടെ യുപിഐ പേയ്‌മെന്റുകള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
‘കഴിഞ്ഞ തവണ ഫ്രാന്‍സില്‍ വന്നപ്പോള്‍ ഇവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്,” മോദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നടത്തുന്ന മോഡി വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി മോഡി യുഎഇയില്‍ എത്തുന്നത്.