ഇന്ത്യയുടെ അഭിമാനം വാനോളം; ചാന്ദ്രയാൻ 3 വിക്ഷേപിച്ചു; ആദ്യഘട്ടം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ മൂന്നാം ഘട്ടം ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു വിക്ഷേപണം. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.

ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറുമാണ് വിക്ഷേപിച്ചത്.

ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയാണ് പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.

ALSO READ- തൃശൂരിൽ കാട്ടാനയെ റബർ തോട്ടത്തിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ; ജഡത്തിന് രണ്ട് മാസം പഴക്കം; ഉടമ ഒളിവിൽ; കൊമ്പിന്റെ ഭാഗം കടത്തിയെന്ന് സംശയം

ചന്ദ്രയാൻ 2 ൽ നിന്നും വ്യത്യസ്തമായി ചാന്ദ്രയാൻ 3ൽ ഓർബിറ്റർ ഇല്ല, ലാൻഡറും റോവറുമാണ് ഉള്ളത്. 3900 കിലോയാണ് മൊത്തം ഭാരം. പ്രൊപ്പൽഷൻ മൊഡ്യൂളിന് 2148 കിലോഗ്രാം ഭാരവും ലാൻഡർ മൊഡ്യൂളിന് 1726 കിലോഗ്രാം ഭാരവും കുഞ്ഞൻ റോവറിന് 26 കിലോഗ്രാം ഭാരവുമാണ് ഉള്ളത്. 14 ദിവസങ്ങൾ വരെ വിക്രം ലാൻഡറും റോവറും പ്രവർത്തിക്കും. സോഫ്റ്റ് ലാൻഡിങാണ് ഇത്തവണയും പരീക്ഷിക്കുന്നത്.

Exit mobile version