പട്‌ന: സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴയിട്ട് കോടതി. ബിഹാറിലാണ് സംഭവം. ഹോട്ടലുടമയോട് 3500 രൂപയാണ് പിഴ നല്‍കാന്‍ കോടതി വിധിച്ചത്. പിഴ നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ അടക്കണമെന്നും കോടതി വിശദമാക്കി.
അല്ലാത്ത പക്ഷം 8 ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കും. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിഹാറിലെ മസാല ദോശക്കടയ്‌ക്കെതിരെ മനീഷ് പതക് എന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്.
ഇയാള്‍ 140 രൂപ വിലയുള്ള സ്‌പെഷ്യല്‍ മസാല ദോശയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയിരുന്നില്ലെന്നും സോസ് മാത്രമാണ് കറിയായി നല്‍കിയതെന്നുമാണ് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടപ്പോള്‍ അഭിഭാഷകനെ അപമാനിക്കുന്ന രീതിയിലായിരുന്നു ഹോട്ടല്‍ അധികൃതര്‍ പെരുമാറിയത്.
തുടര്‍ന്ന് മനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. മനീഷ് അയച്ച് ലീഗല്‍ നോട്ടീസിന് ഹോട്ടലുടമ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിച്ചു. 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴയിടുന്നത്.