ബംഗളൂരു: ആന്ധ്രപ്രദേശില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടത്തി. അനമയ്യ ജില്ലയിലെ മദനപ്പള്ളിയിലാണ് സംഭവം. മദനപ്പള്ളിയിലെ തക്കാളി കര്‍ഷകനായ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു അദ്ദേഹം ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു സംഭവം.
ചൊവ്വാഴ്ച ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു. തക്കാളി വിറ്റ പണം കൈവശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ കൊലപാതകമാകാമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കുതിച്ചുയരുന്ന തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. സാധാരണ ജനങ്ങളുടെ മേല്‍ ഉണ്ടാവുന്ന ദുരിതം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മന്ത്രാലയം.
ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളില്‍ നിന്ന് തക്കാളി സംഭരിച്ച് പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍.
Discussion about this post