ചെന്നൈ: തമിഴ് താരം വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങവെ, രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് മോട്ടോര്‍ വാഹന വകുപ്പ് 500 രൂപ് പിഴ ഈടാക്കിയത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു.
പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയിയും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിക്കുകയും, സിഗ്നലുകളില്‍ വിജയിയുടെ കാര്‍ നിര്‍ത്താതെ പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.
സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അതേസമയം, വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികള്‍ ഇന്നലെ രാവിലെ തന്നെ ചെന്നൈയില്‍ എത്തിയിരുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post