അഹമ്മദാബാദ്: സര്‍ക്കാര്‍ ജോലി നേടാന്‍ പരീക്ഷ എഴുതാന്‍ എത്തി അമ്മ. കൂടെ എത്തിയ ആറുമാസം പ്രായമായ ആണ് കുഞ്ഞിന് കാവലായി പോലീസുകാരി. ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ ഒഴിവിലേക്ക് ഞായറാഴ്ച നടന്ന എഴുത്ത് പരീക്ഷ ഹാളിലാണ് സംഭവം. ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കൂട്ടാതെ പരീക്ഷയ്ക്ക് എത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല ഉദ്യോഗാര്‍ത്ഥിക്കുണ്ടായിരുന്നത്. പരീക്ഷ തുടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ കുഞ്ഞ് കരയാനും തുടങ്ങി.
ഇതോടെ ആ അമ്മ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഈ സമയത്താണ് ദയ ബെന്‍ എന്ന വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥിക്ക് സഹായവുമായി എത്തിയത്. വനിതാ പോലീസ് വളരെ പെട്ടന്ന് തന്നെ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ കയ്യിലെടുത്തു. ഇതോടെ ഉദ്യോഗാര്‍ത്ഥി പരീക്ഷാ ഹാളിലേക്ക് കയറി.
ഇപ്പോഴിതാ, പരീക്ഷ തീരും വരെ കുഞ്ഞിന് കളിപ്പിച്ചും ചിരിപ്പിച്ചും വരാന്തയില്‍ നിന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഹമ്മദാബാദ് പോലീസാണ് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പങ്കുവെച്ചത്. ഇതോടെ പരീക്ഷാ കേന്ദ്രത്തിന്റെ കാവലിനൊപ്പം കുഞ്ഞിന്റെ കാവലും ഭംഗിയായി നിര്‍വ്വഹിച്ച പോലീസുകാരിക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post