ഡല്‍ഹി: ശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി അതീവ ഗുരുതരം. 8 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷിംല, കുളു, സോലന്‍, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിര്‍മൗര്‍ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്.
പ്രധാന വിനോദ സഞ്ചാര മേഖലയില്‍ എല്ലാം നദി കരകവിഞ്ഞു ഒഴുകുകയാണ്. കൂടാതെ, മലയോര മേഖലകളില്‍ ഇടിയും മിന്നലും ഒപ്പം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ കുടുങ്ങിയ ഡോക്ടര്‍മാര്‍ അടക്കം 51 പേര്‍ക്ക് ഇന്നലെയും മടങ്ങാനായില്ല.
18 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയില്‍ തുടരുന്നു. 400 വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.