ലുധിയാന: കുട്ടികളില്ലത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിയ അയൽക്കാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാന ജില്ലയിലെ താബ്രിയിലാണ് സംഭവം. താബ്ര സ്വദേശികളായ സുരീന്ദർ കൗർ (70), ഭർത്താവ് ചമൻ ലാൽ(75), ഭർതൃമാതാവ് സൂർജിത്(90) എന്നിവരെയാണ് അയൽക്കാരനായ റോബിൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലി കൊല്ലപ്പെട്ട കുടുംബം റോബിനെ നിരന്തരം കളിയാക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടികളുണ്ടാകാൻ ചികിത്സ തേടണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ റോബിനോട് പറയാറുണ്ടായിരുന്നു. റോബിനെ ഭാര്യയുടെ മുന്നിൽവെച്ചും കുട്ടികളില്ലാത്തതിനെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
ഇക്കാര്യം റോബിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് കമ്മീഷണർ മൻദീപ് സിങ് പറഞ്ഞു. കളിയാക്കൽ രൂക്ഷമായതോടെ വ്യാഴാഴ്ച സുരീന്ദർ കൗറിന്റെ വീട്ടിലെത്തിയ റോബിൻ മൂന്നുപേരെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൂട്ടിക്കിടന്ന വീട് വെള്ളിയാഴ്ചയും തുറക്കാതായതോടെ പാൽക്കാരനാണ് അയൽവാസികളെ വിവരമറിയിക്കുന്നത്. നാട്ടുകാരെത്തി വീട് കുത്തിത്തുറന്ന് അകത്ത് കയറിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ റോബിൻ കൊലപാതകം ചെയ്തതായി സമ്മതിച്ചു. കൊലപാതക്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ടവരുടെ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ALSO READ- മിന്നൽ പ്രളയവും പേമാരിയും; രണ്ട് മാസം മുൻപ് പണിത നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി
തന്നെ അറസ്റ്റ് ചെയ്താൽ ഭാര്യയെ നോക്കാൻ ആരുമുണ്ടാകില്ലെന്നും അതിനാൽ ഭാര്യയെയും തന്നോടൊപ്പം അറസ്റ്റ് ചെയ്യണമെന്നും റോബിൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഓട്ടോ ഡ്രൈവറാണ് റോബിൻ.
Discussion about this post