ഡെറാഡൂൺ: കനത്ത പേമാരി തുടരുന്ന ഉത്തരാഖണ്ഡിൽ മഴക്കെടുതിയും രൂക്ഷമാകുന്നു. ഇതുവരെ ഒമ്പത് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പെയ്ത പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലം ഒലിച്ചുപോയി. സോളാനി നദിക്ക് കുറുകെയുള്ള പാലമാണ് ഒലിച്ചുപോയത്.
ഹരിദ്വാറിലേക്ക് പോകുന്ന പാലമാണിത്. 14,74,000 രൂപ മുടക്കി നിർമിച്ച പാലം പണിതത് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ആണ്. സമീപത്ത് സ്ഥാപിച്ച സൈൻ ബോർഡിലെ വിവരങ്ങൾ പ്രകാരം ഈ പാലം 2023 ഏപ്രിൽ 19 നാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് പാലം തുറന്ന് നൽകിയതെന്നും പ്രളയത്തിൽ പാലം ഒലിച്ചുപോയത് വലിയ നിരശയാണ് സമ്മാനിക്കുന്നതെന്നും പ്രദേശവാസികൾ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർത്താതെ പെയ്യുന്ന മഴ ഉത്തരേന്ത്യയിലാകെ നാശം വിതയ്ക്കുകയാണ്.ഹരിയാനയിലെ ഡാമുകൾ ുതറന്നതോടെ ഡൽഹി വെള്ളപ്പൊക്ക ഭീഷണിയിലായി. പ്രധാന നദികളിലും ജലനിരപ്പ് ഉയർന്നതിനാൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലെ പത്ത് ജില്ലകളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശമാണ് വിതച്ചത്.
അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധമി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ മാത്രം യാത്ര നടത്താൻ സംസ്ഥാനത്തേക്ക് വരുന്ന തീർത്ഥാടകരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.