ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയുടെ വീട് പുനര്‍നിര്‍മിച്ചു നല്‍കാനൊരുങ്ങി ബ്രാഹ്മണ സമാജം. ബിജെപി പ്രവര്ത്തകന് കൂടിയായ പ്രവേശ് ശുക്ലയുടെ വീടാണ് ബ്രാഹ്മണ സമാജം പുനര്‍നിര്‍മ്മിച്ച് നല്‍കുന്നത്.
ഇതിനായി ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തില്‍ പണപിരിവു നടക്കുന്നതായാണ് പുറത്തുവന്ന വിവരങ്ങള്‍. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രവേശ് ശുക്ലയക്കെതിരെ പ്രതിഷേധം കനത്തതിന് പിന്നാലെയാണ് കുബ്രി ഗ്രാമത്തിലെ ഇയാളുടെ വീട് പൊളിച്ച് നീക്കിയത്.
പ്രവേഷ് ശുക്ലയുടെ മാതാപിതാക്കളും ഭാര്യയും മൂന്നുവയസ്സുമുള്ള മകളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പ്രതി ചെയ്ത കുറ്റത്തിന് വീട്ടുകാരെ ഉപദ്രവിക്കുന്ന നടപടി ശരിയല്ലെന്ന് ബ്രാഹ്മണസമാജം അഭിപ്രായപ്പെട്ടു. ”തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. പ്രതി കുറ്റം ചെയ്തതിന് എന്തിനാണ് വീട്ടുകാരെ ശിക്ഷിക്കുന്നത്?” എന്ന് അഖില ഭാരതീയ ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് പുഷ്പേന്ദ്ര മിശ്ര ചോദിക്കുന്നു.
തങ്ങള്‍ താമസിക്കുന്ന വീട് പ്രവേശ് ശുക്ലയുടെ പിതാവ് പണിതതല്ലെന്നും തന്റെ മുത്തശ്ശി നിര്‍മ്മിച്ചതാണെന്നും ഭാര്യ കാഞ്ചന് പറഞ്ഞു. ”മകന് തെറ്റുചെയ്തതിന് വീട്ടുകാരെ ശിക്ഷിക്കുന്നത് എന്തിനാണെന്ന് പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് ശുക്ല ചോദിക്കുന്നു.
Discussion about this post