മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മകനെ തിരക്കി ഖനിയില്‍ ഇറങ്ങാന്‍ ഒരുങ്ങി എഴുപതുകാരന്‍. ഡിസംബര്‍ 13നാണ് സോലിബാറിന്റെ മകന്‍ മോനിറുള്‍ ഇസ്ലാം ഉള്‍പ്പടെ 15 പേര്‍ മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്.
380 അടി ആഴമുള്ള ഖനിയിലേക്ക് അടുത്തുള്ള നദിയില്‍ നിന്ന് ശക്തമായി വെള്ളം കയറിയത്തോടെ ‘എലിമാള ഖനന’ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 23 ദിവസമായിട്ടും ഇവരെ പറ്റി യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 19 വയസ്സുകാരന്‍ മോനിറുളിന്റെ പിതാവ് സോലിബാര്‍ ഖനിയില്‍ ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
മേഘാലയിലെ ആദ്യകാല ഖനി തൊഴിലാളിയായ സോലിബാര്‍ ആറ് വര്‍ഷമെയായിട്ടുള്ളൂ ഈ തൊഴില്‍ നിര്‍ത്തിയിട്ട്. മൂന്ന് ആണ്‍മക്കളും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെയാണ് ഖനിയിലെ പണി സോലിബാര്‍ അവസാനിപ്പിച്ചത്. മോനിറുളിന്റെ മൂത്ത സഹോദരന്‍ മാണിക് അലിയും കല്‍ക്കരി ഖനിയിലാണ് തൊഴിലെടുക്കുന്നത്.
ഖനിയിലേക്ക് കയറിയ വെള്ളം സാധാരണ പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കി കളയുക അസാധ്യമാണെന്നാണ് സോലിബാര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മേഘാലയ സര്‍ക്കാരിനോട് ഖനിയിലേക്ക് തന്റെ മകനെ തിരഞ്ഞ് പോകുവാന്‍ ഒരു അവസരം നല്‍കാന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതി കിട്ടിയാലുടന്‍ ഖനിയിലിറങ്ങി തിരച്ചില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞ് നിര്‍ത്തി.