ചെന്നൈ: ഏറെ ചർച്ചയായ വന്ദേ ഭാരത് തീവണ്ടികളുടെ നിറം വെള്ള-നീല കോംബിനേഷനിൽ നിന്നും ഓറഞ്ച്-േ്രഗ കോംബിനേഷനിലേക്ക് മാറ്റുന്നുവെന്ന് സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റാനുള്ള തീരുമാനം ഇന്ത്യൻ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണെന്ന് റെയിൽവേ മന്ത്രി പ്രതികരിച്ചു.
ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ കോച്ചുകൾ പരിശോധിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ വശങ്ങൾ കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനുകൾ സാങ്കേതികമായി മെച്ചപ്പെടുത്തുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ നിർമാണം വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രി അധികൃതരുമായി ചർച്ചചെയ്തു.
വന്ദേ ഭാരത് കേന്ദ്രീകരിച്ച് ‘ആന്റി ക്ലൈമ്പേഴ്സ്’ എന്ന പുതിയ സുരക്ഷാ സംവിധാനം പരിശോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ രൂപകല്പന ചെയ്തതാണ് ട്രെയിനുകൾ. തങ്ങൾക്ക് കിട്ടിയ പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഡിസൈനിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
Inspected Vande Bharat train production at ICF, Chennai. pic.twitter.com/9RXmL5q9zR
— Ashwini Vaishnaw (@AshwiniVaishnaw) July 8, 2023
വന്ദേഭാരതിന്റെ നിലവിലുള്ള വെള്ളനിറം പെട്ടെന്ന് അഴുക്കുപിടിക്കുകയും, കഴുകിവൃത്തിയാക്കാനേറെ പ്രയാസവുമുള്ളതിനാലാണ് പുതിയനിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി 25 വന്ദേഭാരത് തീവണ്ടികൾ നിർമിച്ചുകഴിഞ്ഞു. രണ്ട് ട്രെയിനുകൾ ഉടൻ പുറത്തിറക്കും. 28-ാമത്തെ ട്രെയിനിനാണ് പരീക്ഷണാടിസ്ഥാനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നതെന്ന് ഐസിഎഫ് അധികൃതർ പറഞ്ഞു.