അഹമ്മദാബാദ്: രാഹുൽ ഗാന്ധിക്ക് മോഡി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. രാഹുലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതി ഉന്നിച്ചത്. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്യാതിരിക്കുന്നത് ഒരു അനീതിയുമല്ലെന്നും ഗുജറാത്ത് ഹൈക്കോടതി പരാമർശിച്ചു.
നേരത്തെ സൂറത്തിലെ വിചാരണ കോടതി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ട് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജി ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് പരാമർശങ്ങൾ നടത്തിയത്.
ആർഎസ്എസ് ആചാര്യൻ സവർക്കറുടെ ചെറുമകൻ നൽകിയ കേസടക്കം രാഹുലിനെതിരെ നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ‘രാഷ്ട്രീയത്തിൽ ശുദ്ധി വേണം, രാഹുലിനെതിരെകുറഞ്ഞത് 10 ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ട്. ഇപ്പോഴത്തെ കേസിന് ശേഷവും അദ്ദേഹത്തിനെതിരെ ചില കേസുകൾ കൂടി ചുമത്തിയിട്ടുണ്ട്. അതിലൊന്ന് വീർ സവർക്കറുടെ ചെറുമകനാണ് ഫയൽ ചെയ്തത്.’
‘എന്തുതന്നെയായാലും ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുന്നത് ഒരു തരത്തിലും അപേക്ഷകനോടുള്ള അനീതിയാവില്ല, സ്റ്റേ ചെയ്യാൻ ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷാവിധി ന്യായവും ഉചിതവും നിയമപരവുമാണ്. പ്രസ്തുത ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ല, അതിനാൽ അപേക്ഷ തള്ളുന്നു’ – എന്നാണ് ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് പ്രതികരിച്ചത്.
ബിജെപിയുടെ എംഎൽഎയായ പൂർണേഷ് മോഡിയാണ് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് 2019ൽ രാഹുലിനെതിരേ പരാതി നൽകിയത്. പിന്നീട് ഈ കേസിൽ കഴിഞ്ഞ മാർച്ച് 23-നാണ് രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. തൊട്ടുപിന്നാല എംപി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കിയിരുന്നു.
അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
Discussion about this post