നോയിഡ: പാകിസ്താനിൽ നിന്നും വീടും സ്ഥലവും വിറ്റ് കിട്ടിയ പണവുമായി കാമുകനെ കണാനായി കുട്ടികളുമായി ഇന്ത്യയിലെത്തിയ യുവതി അറസ്റ്റിൽ. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് പാകിസ്താനിലെ ഖൈർപുർ സ്വദേശിയായ സീമ ഹൈദറി(27)നെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.
ഇനി ഒരിക്കലും തിരിച്ചു പോകില്ലെന്നും കാമുകനായ സച്ചിൻ സിംഗി(22)നൊപ്പം ജീവിക്കണമെന്നാണ് യുവതി പറയുന്നത്. ലോക്ക്ഡൗൺ കാലത്ത് 2020ൽ പബ്ജി ഗെയിമിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നാണ് ഇവർ പറയുന്നത്.
ഫോൺനമ്പർ കൈമാറി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. താൻ കുറ്റവാളിയല്ലെന്നും സച്ചിനെ വിവാഹം കഴിക്കാനാണ് നാല് മക്കളേയും കൂട്ടി ഇന്ത്യയിലെത്തിയതെന്നുമാണ് സീമ ഹൈദർ പറയുന്നത്.
അതേസമയം, പോലീസ് യുവതിക്ക് എതിരെഫോറിനേഴ്സ് ആക്ട്, പാസ്പോർട്ട് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ യുവതിയുടെ കാമുകനായ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ സിങ്ങിനെയും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചതിനാണ് അറസ്റ്റ്. എന്തുവന്നാലും തനിക്ക് കാമുകനായ സച്ചിനെ വിവാഹം കഴിക്കണമെന്നും പാക് യുവതിയുടെ ആവശ്യം.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്ത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും നാലുകുട്ടികളുമായി ഇന്ത്യയിലെത്തിയ യുവതി പോലീസിനോട് പറഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. തനിക്ക് സീമയെ ഇഷ്ടമാണ്. അവൾ പാകിസ്താനി ആയതുകൊണ്ട് മാത്രമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സച്ചിൻ സിംഗ് പറയുന്നത്. ഇരുവരും യൂട്യൂബ് വീഡിയോകൾ കണ്ടാണ് പാകിസ്താനിൽനിന്ന് നേപ്പാൾ വഴി ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.
ALSO READ- ആഗ്രഹ സഫലീകരണത്തിന് ആടിനെ ബലി നല്കി, അതേ ആട് തന്നെ 50കാരന്റെ ജീവനെടുത്തു
‘ഇവിടെകിടന്ന് മരിക്കാനും ഞാൻ തയ്യാറാണ്. ഇനി ഒരിക്കലും പാകിസ്താനിലേക്ക് തിരികെപോകില്ല. അവിടെ എനിക്ക് ആരുമില്ല. ഒരുവർഷം മുൻപ് ഭർത്താവ് വിവാഹമോചനം നേടി. എനിക്ക് സച്ചിനെയാണ് ഇഷ്ടം. അദ്ദേഹത്തെ വിവാഹം കഴിക്കണം’, – എന്നാണ് സീമ ഹൈദർ പറയുന്നത്. അതേസമയം, പാക് യുവതിയുമായുള്ള വിവാഹം നടത്തിത്തരാനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുകയാണ് കാമുകനായ സച്ചിൻ സിംഗ്.
മേയ് പത്താം തീയതി പാകിസ്താനിൽനിന്ന് ദുബായിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും യാത്രതിരിച്ച യുവതിയും നാലുകുട്ടികളും മേയ് 11-ന് കാഠ്മണ്ഡുവിലെത്തുകയായിരുന്നു. അവിടെനിന്ന് പൊഖ്ര വരെ ബസിലും പിന്നീട്, അതിർത്തി കടന്ന് ഡൽഹിയിലേക്കും യാത്ര ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും ദമ്പതിമാരെന്ന വ്യാജേന വാടകവീട് സംഘടിപ്പിച്ച് ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.
എന്നാൽ പാക് യുവതിയുടെ മൊഴിയിൽ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുണ്ടെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അഞ്ചാംക്ലാസ് വരെ പഠിച്ചിട്ടുള്ളൂവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ കമ്പ്യൂട്ടർ, മൊബൈൽഫോൺ എന്നിവയെല്ലാം യുവതി അനായാസം കൈകാര്യംചെയ്യുന്നുണ്ട്. ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയെക്കുറിച്ച് സംശയങ്ങളുള്ളതിനാൽ കേന്ദ്ര ഏജൻസികളടക്കം അന്വേഷണം നടത്തുകയാണ്.
Discussion about this post