ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റ് ചെയ്തു. ബിജെപി സിദ്ധി എംഎല്‍എ കേഥാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായി പര്‍വേഷ് ശുക്ലയെ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യരക്ഷാ നിയമം, പട്ടിക വര്‍ഗ സംരക്ഷണ നിയമം എന്നിവ അടക്കം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒരു കെട്ടിടത്തിന് മുന്നിലിരിക്കുന്ന ആദിവാസി യുവാവിന്റെ തലയിലേക്കും മുഖത്തേക്കും പുകവലിക്കുന്നതിനിടെ പര്‍വേഷ് മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വര്‍ഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെ വീഡിയോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
യുവാവ് സിദ്ധിയിലെ കുബ്രി മാര്‍ക്കറ്റിലേക്ക് പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ പര്‍വേഷ് മദ്യലഹരിയിലായിരുന്നുവെന്നും കൂലി ആവശ്യപ്പെട്ട യുവാവിനെ പര്‍വേഷ് ശാരീരികമായി ആക്രമിക്കുകയും മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സംസ്ഥാനത്തെ വിദ്യാ മേഖലയിലുള്ള കോല്‍ ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ് യുവാവ്. പരമ്പരാഗതമായി ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് കോള്‍ വിഭാഗം.