പട്‌ന: വീട്ടിൽ തനിച്ചായ സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. സംഭവത്തിൽ 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ പട്‌നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയായിരുന്നു അതിക്രമം. യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27-കാരൻ അതിക്രമിച്ചു കയറുകയായിരുന്നു.
കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ ചെറുത്തു നിന്ന യുവതി പ്രതിരോധിക്കാനായാണ് കൈയ്യിൽ കിട്ടിയ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. ബഹളം വെച്ച് പുറത്തേക്ക് ഓടിയ യുവതി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
എന്നാൽ ആളുകൾ എത്തുന്നതിന് മുൻപെ പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടിയത്. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബങ്ക ടൗൺ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.