നോയിഡ: വയറുവേദനയെന്ന് അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു യുവതിയുടെ പ്രസവം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം.
വിവാഹം കഴിച്ചു കൊണ്ടുവന്ന സെക്കന്ദരാബാദ് സ്വദേശിനിയായ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. വിവാഹദിനത്തിൽ രാത്രിയിൽ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞിരുന്നു. തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ യുവതി ഏഴുമാസം ഗർഭിണിയാണെന്ന് അറിയുകയായിരുന്നു. പിറ്റേന്ന് പുലർച്ചയോടെ യുവതി പ്രസവിക്കുകയും ചെയ്തു. അതേസമയം, യുവതി ഗർഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ വിവാഹം മുടങ്ങുമെന്ന് കരുതി വരന്റെ വീട്ടുകാരിൽനിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാർ തുറന്നുസമ്മതിച്ചിട്ടുണ്ട്.
വലുതായിരിക്കുന്ന വയർ കണ്ട് സംശയം ചോദിച്ച ഭർതൃവീട്ടുകാരോട്, വയറ്റിൽനിന്നു കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനാലാണു വയർ വീർത്തിരിക്കുന്നതെന്നായിരുന്നു വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നത്.
പിന്നീട് വധുവിന്റെ കുടുംബം തെലങ്കാനയിൽനിന്നെത്തി കുഞ്ഞിനെയും അമ്മയെയും കൂട്ടിക്കൊണ്ടുപോയി. ഇരുകുടുംബങ്ങളും തമ്മിൽ ധാരണയിലെത്തിയതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജൂൺ 26നായിരുന്നു വിവാഹം. യുവതിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വരനും വീട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.